ഇതെഴുതി തുടങ്ങാൻ എന്താണ് പ്രേരണ എന്നെനിക്ക് അറിയില്ല്യ. ഇങ്ങനെ ഒരു തുടക്കം ഒരു കൊല്ലം മുമ്പ് ഉണ്ടായിരുന്നു. അത് തുടങ്ങിയത് കയ്യ് കൊണ്ടുള്ള എഴുത്താണ്. അതിന് പ്രേരണ ആയത് ഡയറി എഴുത്ത് നിന്നത് നന്നായില്ല എന്ന ബോധ്യം കൊണ്ടായിരുന്നു. അന്ന് എഴുതി തുടങ്ങുമ്പോൾ ഞാൻ നഗോയയിൽ ഒരു യാത്രയിൽ ആയിരുന്നു. ഇന്ന് ഇത് തുടങ്ങുന്നത് ഓഫീസിൽ ഇരുന്നും.
സുഭാഷ് ചന്ദ്രന്റെ വാക്കുകൾ കടം എടുത്താൽ എഴുത്ത് ഒരു തരത്തിൽ പറഞ്ഞാൽ മനസാകുന്ന അഗ്നിപർവ്വതത്തിൽ നിന്നും പുറപ്പിടിക്കുന്ന ലാവ തന്നെ ആണ്. അതിനെ പുറന്തള്ളാൻ പോന്ന ഒരു ഊർജം നമ്മുടെ ജീവിത സാഹചര്യങ്ങളിൽ നിന്നും ഉടലെടുക്കുന്ന നിമിഷം അത് പുറത്തു കടക്കുന്നു. ആ ഊർജത്തിന്റെ ശക്തി ക്ഷയിക്കും വരെ ലാവ പുറംതള്ളപ്പെടുന്നു. പിന്നെ അടുത്ത ഉത്ഭവം വരേയ്ക്കും ശാന്തം. അങ്ങനെ ഒരു തുടക്കം ആവാം ഇതും. സഞ്ചരിച്ച വഴി ഒരു അവസാനത്തിൽ എത്തിയ പോലെ. ഇത് കേട്ടാൽ തോന്നും ജീവിതം മടുത്ത ഒരു മനസിനാണ് ഈ ലാവ പുറത്തു വരുന്നത് എന്ന്. അതല്ല. വഴി എന്നത് ഉദ്ദേശിച്ചത് academic journey മാത്രം ആണ്. മറുഭാഗം എന്നും എപ്പോഴും സുന്ദരം.