Ⅰ
സൂര്യൻ ഉദിച്ചോ അതോ ഇപ്പോഴും രാത്രി ആണോ? മാറാല പിടിച്ച മുറിയിലെ അന്തേവാസി ആയ ഞാൻ, മാറാലക്ക് സമാനമായി പീള കെട്ടിയ കണ്ണുകൾ തുറന്ന് നോക്കിയിട്ടും മനസിലായില്ല. അടുത്തിരുന്ന മൊബൈലിൽ സമയം നോക്കിയപ്പോൾ 8 മണി ആയിരുന്നു. കാർമേഘം മൂടി കെട്ടിയ അന്തരീക്ഷം മടിയന്മാരെ കബിളിപ്പിച്ച് രാത്രിയായി തെറ്റിദ്ധരിപ്പിക്കുക വഴി കൂടുതൽ നേരം മൂടി പുതച്ച് ഉറങ്ങാൻ പ്രേരിപ്പിക്കുന്നു.
കണ്ണുകൾ തുറക്കുന്നതിന് ഒപ്പം തന്നെ മൊബൈലും തുറക്കാൻ ശീലിച്ച തലമുറയിൽ പെട്ട ഞാൻ പതിവ് തെറ്റിക്കാതെ മൊബൈൽ തുറന്നു മെസ്സേജ് വല്ലതും വന്നിണ്ടോ എന്ന് ആദ്യം നോക്കി. ഒന്ന് രണ്ട് വായനാ കൂട്ടായ്മയിൽ വന്ന മെസ്സേജ് ഒഴിച്ചാൽ ഒന്നും ഉണ്ടായിരുന്നില്ല. നേരെ ജി മെയിൽ തുറന്നു. വല്ലതും വരാൻ സാധ്യത ഉണ്ടെങ്കിൽ അത് ഇവിടെ ആയിരിക്കും. ഇന്ന് ജി മെയിലും കാലി ആണ്. ഇതിൽ പുതുമയൊന്നും ഇല്ലെങ്കിൽ കൂടി ഒരു ശൂന്യത അനുഭവപ്പെടുത്തിയ തുടക്കം ആയിരുന്നു. കാലാവസ്ഥയും അതിന് അനുകൂലം ആണ് താനും.
കട്ടിലിൽ നിന്ന് എണീറ്റ് ജനാല അടച്ചു. തൂവാല അടിച്ച് നിലം നനഞ്ഞിരുന്നു. റൂമിലെ വാതിൽ തുറന്ന് രാഹുലിന്റെ കട്ടിലിലേക്ക് നോക്കി. ഇന്ന് നേരത്തെ പോയിരിക്കുന്നു. രാഹുൽ ഇന്ന് നേരത്തെ പോയിരുന്നു. ഞങ്ങൾ രണ്ട് പേരും കൂടി എടുത്ത വീടാണ്. രാഹുൽ തമിഴ് നാട്ടുകാരനാണ്. അവൻ ഇവിടെ project assistant ആയി നിൽക്കുന്നു. രണ്ടു കൊല്ലം ആവാറായി അവൻ ഇവിടെ വന്നിട്ട്. അവൻ ഒരു കൊല്ലം ഇവിടെ നിന്നിട്ട് പുറത്ത് PhD ക്ക് പോവാൻ ആയിരുന്നു പ്ലാൻ. പക്ഷെ അവന്റെ സ്വപ്നങ്ങളെ വഴിതിരിച്ചു വിട്ടു കൊണ്ട് മരണം കൊണ്ട് പോയത് അവന്റെ അച്ഛനെ ആയിരുന്നു. അവന്റെ അച്ഛൻ പട്ടാളത്തിൽ ആയിരുന്നു. അതിർത്തിയിലെ ഒരു വെടിവെയ്പുകളിലെ ഒരു ഉണ്ട തുളച്ചു കയറിയത് അവന്റെ അച്ഛന്റെ ശരീരത്തിന് പുറമെ കാലങ്ങളായി മോഹിച്ചു വീർപ്പിച്ച അവന്റെ സ്വപ്നങ്ങളെ കൂടി ആയിരുന്നു. അവന്റെ അച്ഛൻ പോയതോടെ നാട്ടിലുള്ള അമ്മയേയും അനിയനേനും ഒറ്റക്കാക്കി പോകാൻ അവന് മനസ്സ് വന്നില്ല. അത് കൊണ്ട് തന്നെ ഇവിടെ നാട്ടിൽ തന്നെ അവൻ ഒരു position നോക്കുകയാണ്.
ഞാൻ ഒറ്റക്കായത് കൊണ്ട് പുകയുടെ കൂട്ട് പിടിക്കാം എന്ന് ഞാൻ കരുതി. ഒരു സിഗരറ്റ് കത്തിച്ച് വാതിൽക്കൽ പോയി നിന്ന്. മഴ ചാറുന്നുണ്ട്. അടുത്ത മഴയുമായി കാർമേഘ കൂട്ടം കൂടുന്നുമുണ്ട്. പുക അകത്തേക്ക് ചെന്നപ്പോഴേക്കും, ഇന്നലെ കുടിച്ച ഓൾഡ് മോങ്കിന്റെ മണം ഉള്ളിൽ തേട്ടാൻ തുടങ്ങി. സിഗരറ്റ് കളഞ്ഞു. കുളിച്ച് ഇനി ഓഫീസിൽ പോവാൻ തയ്യാറാവണം. പണ്ട് സ്കൂളിൽ മഴക്കാലത്ത് പോകാൻ ഉണ്ടായിരുന്ന മടി വീണ്ടും വന്ന് കൊണ്ടിരുന്നു. അന്ന് സ്കൂളിലെ അന്തരീക്ഷം ആയിരുന്നു വില്ലൻ എങ്കിൽ ഇപ്പോൾ കോളേജിലെ അന്തരീക്ഷവും ആളുകളും ആണ്. പുതിയതായി വന്ന director ഉടെ പരിഷ്‌കാരങ്ങൾ ആകട്ടെ ഓരോ ദിവസം കഴുത്തിൽ കയർ മുറുക്കുന്ന പ്രതീതി തരുന്നതും. കൂടാതെ ഏതൊരു യുവാവും ചോദിക്കുന്ന പോലെ ഇനിയെന്ത് എന്ന ഒരു ചോദ്യം മുമ്പിൽ ഇപ്പോഴും ഉണ്ട്. എന്റെ PhD കഴിഞ്ഞിട്ട് 1 കൊല്ലം ആകുന്നു. അടുത്തത് ഒന്നും ആയിട്ടില്ല്യ. ദിവസവും ജോലിക്കും postdoc നും applications നിരന്തരം അയച്ച് കൊണ്ട് ഇരിക്കുന്നുണ്ട്. ഏകദേശം 100 applications ആയി. ഒന്നും ശരിയായിട്ടില്ല. ഇതൊക്കെ കൊണ്ട് തന്നെ എന്റെ പുക വലി നന്നേ കൂടിട്ടുണ്ട്. ദിവസത്തിൽ 2 പാക്കറ്റ് തീരുന്നത് അറിയാറില്ല്യ.
സത്യം പറഞ്ഞാൽ രാഹുലിന്റെ അവസ്ഥ വച്ച് നോക്കുമ്പോൾ എന്റെ അവസ്ഥ എത്രയോ ഭേദം ആണ്. അച്ഛനും അമ്മയും ഉണ്ട്. അവർക്ക് പെന്ഷനും കിട്ടും. അത് കൊണ്ട് തന്നെ ബാധ്യതകൾ ഇല്ല്യ. എന്നാലും ഓരോന്ന് ചിന്തിച്ച് സ്വയം വലിക്കുന്ന സിഗരറ്റ് പോലെ തന്നെ എരിഞ്ഞ് അടങ്ങുന്നു. എന്തൊരു അവസ്ഥയാണ് ഈ മനുഷ്യ വർഗ്ഗത്തിന്റെ. നമ്മെളെക്കാൾ കഷ്ടപ്പാടുകൾ അനുഭവിക്കുന്നവരെ നേരിട്ട് കണ്ടാലും സ്വന്തം ജീവിതം ആണ് ഏറ്റവും ദയനീയം എന്ന് ചിന്തിക്കുന്ന സ്വാർത്ഥത മനുഷ്യർക്കല്ലേ ഉണ്ടാവൂ. സ്വാർത്ഥതയുടെ പലമുഖങ്ങളിൽ ഒന്ന്.
ഈ ചിന്തകളെയും തുളച്ചു കൊണ്ട് എന്റെ ഫോൺ ശബ്ദിക്കാൻ തുടങ്ങി. നോക്കിയപ്പോൾ അമ്മയാണ്. ചിന്തകളെ മുറിവേൽപ്പിച്ച പരിഭവത്തിൽ ഞാൻ പിന്നെ തിരിച്ചു വിളിക്കാം എന്ന തീരുമാനത്തിൽ എത്തി. അമ്മമാരോട് മക്കൾക്ക് എടുക്കാൻ കഴിയുന്ന ഒരു ആനുകൂല്യം. ഫോൺ charge ചെയ്യാൻ കുത്തി നേരെ പല്ല് തേച്ച് കുളിക്കാൻ കയറി. കുളി കഴിഞ്ഞ് ഇറങ്ങി അടുക്കളയിൽ പോയി flask എടുത്തു. അതിൽ നിന്നും രാഹുൽ ഉണ്ടാക്കി വച്ച് പോയ ചായ ഒരു ഗ്ലാസിലേക്കു പാർന്നു. അവൻ രാവിലെ എണീറ്റ് ചായ ഉണ്ടാക്കുമ്പോൾ എനിക്കും കൂടി കരുതും. ചായ എടുത്തു റൂമിൽ പോയി അടുത്ത സിഗരറ്റ് കാതിരിച്ചു. ചായ തീരും മുമ്പേ സിഗെരെറ്റ് തീർന്നിരുന്നു. ബാക്കി ചായ ഒറ്റ വായിക്കു മോന്തി ഗ്ലാസ് ടേബിളിൽ വച്ചു. നേരെ ബാഗ് എടുത്തു ചാർജിയാൻ കുത്തിയ മൊബൈൽ എടുത്തു പോക്കറ്റിൽ ഇട്ടു ഇറങ്ങി. മഴ അപ്പോഴേക്കും തോർന്നിരുന്നു.
ⅠⅠ
ഓഫീസിലെ കമ്പ്യൂട്ടറിന്റ ഓൺ ആക്കിയപ്പോൾ ആണ് അമ്മയെ തിരിച്ച് വിളിക്കുന്ന കാര്യം ഓർമ്മ വന്നത്. ഓഫീസിലെ കംപ്യൂട്ടറിലെ wallpaper ഇപ്പോഴും തിരുവേഗപ്പുറ തന്നെ ആണ്. അമ്മയെ ഓർക്കാൻ ഇത് വേണ്ടി വന്നു എന്ന് ഓർത്ത് സ്വയം ഒരു പുച്‌ഛം തോന്നി. നേരെ പുറത്തിറങ്ങി അമ്മയുടെ നമ്പർ അടിച്ചു. "ആടാ... എവിടെ ആയിരുന്നു നേരത്തെ വിളിച്ചപ്പോൾ നീ?" അമ്മ ചോദിച്ചു. "ഞാൻ കുളിക്കാൻ പോയതായിരുന്നു. കണ്ടില്ല്യ call", എന്നൊരു അനാവശ്യ കള്ളം പറഞ്ഞു. അപ്പുറത്ത് നിന്ന് അമ്മയുടെ ചുമ ഫോണിലൂടെ കേട്ടു. കുറച്ചു ദിവസമായി അലട്ടുന്ന ചുമയുടെ വീര്യം കൂടിയിരിക്കുന്നു. "എന്താ ചുമ മാറുന്നില്ല്യല്ലോ അമ്മെ. എന്നാ ഡോക്ടറെ കാണാൻ പോകുന്നത് ?" എന്ന് ഞാൻ ചോദിച്ചു. "നാളെ പോണം ഡോക്ടറെ കാണാൻ. appointment എടുത്തിട്ടുണ്ട്." എന്ന് അമ്മ പറഞ്ഞു. "കൊറേ ആയല്ലോ ചുമ തുടങ്ങീട്ട്, വെച്ച് കളിക്കണ്ട." എന്ന് ഞാൻ പറഞ്ഞു. "മ്മ്" എന്ന് മൂളുക മാത്രം ചെയ്തു അമ്മ. സ്വന്തം ആരോഗ്യം പോലും നോക്കാതെ മറ്റൊരാളെ ആരോഗ്യവാനായി ആക്കാൻ ഞെരുക്കം പായുന്ന ഒരു സമൂഹം ആണല്ലോ അമ്മമാർ. ഈ ഒരു ത്യാഗ മനോഭാവത്തോട് തികച്ചും എതിരാണ് എന്റെ കാഴ്ച്ചപ്പാടുകൾ. ഒരു വ്യക്തി എന്ന നിലയിൽ പറ്റുന്ന കാലമത്രയും സ്വയം നോക്കാനും പരിചരിക്കാനും നമ്മൾ തയ്യാറാവണം, പ്രത്യേകിച്ച് ആരോഗ്യം എന്നാണ് എന്റെ പക്ഷം. സഹായം വേണ്ടവർക്ക് തീർച്ചയായും ചെയ്യണം എന്നിരിക്കെ തന്നെ നമ്മൾ നമ്മെ മറക്കാൻ പാടുള്ളതല്ല. സിഗററ്റ് വലി കൂടിയ ഈ സമയത്തും മനസ്സിൽ ഈ ആദർശം ഉദിച്ചു വരുന്നത് തോന്നിയപ്പോൾ ഉള്ളിൽ പരിഹാസത്തോടെ ഒരു ചിരി തുറന്നു. "അച്ഛൻ എവിടെ?" ഞാൻ ചോദിച്ചു. "അച്ഛൻ മുകളിൽ ഉണ്ട്" എന്ന് അമ്മ പറഞ്ഞു.
അച്ഛന്റെ library മുകളിൽ ആണ്. അവിടെ ഒരു room പുസ്തക ശേഖരണത്തിനായി മാത്രം ഒഴിഞ്ഞു വച്ചിരിക്കുന്നു. അവിടെ ചില്ലിട്ട ചട്ടക്കൂടുകൾ ഉള്ള ഷെൽഫുകൾ. അതിനോരോന്നിനും ഉള്ളിൽ വിഷയങ്ങൾ അനുസരിച്ചു പുസ്തകങ്ങൾ അടുക്കി വെച്ചിട്ടുണ്ടാവും. അച്ഛൻ എല്ലാ വിഷയത്തെ കുറിച്ചും വായിക്കും. കഥകൾ, നോവലുകൾ, കവിതകൾ, ചിരിത്രം, രാഷ്ട്രീയം , ശാസ്ത്രം, ധനശാസ്ത്രം അങ്ങനെ ഒട്ടുമിക്ക്യ വിഭാഗങ്ങളും. അവിടെ ഒരു പഴയ ചാര് കസേരയുണ്ട്. മുത്തശ്ശന്റെ ആണ്. അതിൽ ഇരുന്നാണ് വായന. രാവിലത്തെ കാപ്പി കുടി കഴിഞ്ഞു മുകളിൽ പോയി ഇരുന്നാൽ ഉച്ചക്ക് ഊണ് കഴിക്കാൻ താഴെ വരും എന്നല്ലാതെ വരവ് കുറവാണു. 11 ന് ഒരു ചായ പതിവുണ്ട്. അത് അമ്മ കൊണ്ടുപോയി കൊടുക്കും. അമ്മ കൊണ്ട് പോയി കൊടുത്തില്ല്യങ്കിൽ പരിവഭാവമോ ദേഷ്യമോ ഒന്നും ഉണ്ടാവില്ല്യ. വിളിച്ചു ചോദിക്കാനൊന്നും പോവില്ല്യ. അച്ഛന്റെ ആ മുറിയിൽ ഒരു റേഡിയോ ഉണ്ട് ഉച്ച കഴിഞ്ഞാൽ അത് ഒഴ വച്ച് തുടങ്ങും. ഉച്ചക്ക് ആ ചാര് കസേരയിൽ ഇരുന്നാണ് അച്ഛന്റെ ഉറക്കം. അതിന് പ്രോത്സാഹനമായി ആകാശവാണിയിലെ പാട്ടുകളും ഉണ്ടാവും. അമ്മ ഉച്ചക്ക് ഇടക്ക് അവിടെ ഒരു തലയിണ വച്ച് അവിടെ താഴെ കിടക്കും. ആകാശവാണി കേൾക്കാണ് ഉദ്ദേശം.
അച്ഛൻ വായിച്ച് മറിക്കുന്ന പേജുകളുടെ കൂടെ മറ്റേ കയ്യിൽ സിഗററ്റും എറിയുന്നത് പതിവാണ്. ഉച്ച ആവുമ്പോഴേക്കും ഒരു അര പാക്കറ്റ് സിഗരെറ്റെങ്കിലും അച്ഛൻ വലിച്ചു തീർത്തിരിക്കും. പക്ഷെ അമ്മ ഉച്ചക്ക് ആ റൂമിൽ കിടക്കാൻ വന്നാൽ പിന്നെ അച്ഛൻ വിളിക്കാറില്ല. ഇത് അമ്മയുടെ വിലക്ക് കൊണ്ടൊന്നും അല്ല. അമ്മക്ക് ചെറുതായി ശ്വാസം മുട്ടലിന്റെ പ്രവണത പണ്ടേ ഉണ്ട്. അത് കൊണ്ട് അമ്മ അടുത്തുള്ളപ്പോൾ പുകവലി ഒഴിവാക്കും. ഇത് കണക്കാക്കി തന്നെ അമ്മ കഴിയുന്നതും അവിടെ ചിലവിടും. അങ്ങനെ എങ്കിലും പുകവലി കുറയുമല്ലോ എന്ന് എന്നോട് സ്വകാര്യത്തിൽ പറയാറുണ്ട്. അച്ഛനോട് വലി കുറച്ചു കൂടെ എന്ന് അമ്മ ചോദിക്കാറുണ്ട്. മ്മ് എന്ന് മൂളുക മാത്രം ചെയ്യും. വാക്കുകൾ നന്നേ കുറവായിരുന്നു അച്ഛന്. അതിനാൽ തന്നെ വാക്കായി എന്തെങ്കിലും അച്ഛൻ പറഞ്ഞാൽ കേൾക്കുന്ന ആരും കാര്യമായി എടുക്കുമായിരുന്നു. ആവശ്യമില്ല്യത്തെ സംസാരിക്കുന്നതിന്റെ ഗുണം.
അമ്മ അവിടെ ഉള്ളപ്പോൾ അച്ഛൻ വലിച്ചില്ലയെങ്കിൽ കൂടി, രാവിലെ മുതൽ വലിച്ചതിന്റെ ശേഷിപ്പുകൾ റൂമിലെ അന്തരീക്ഷത്തിൽ തങ്ങി നിൽക്കുമായിരുന്നു. സിഗരറ്റ് പുക പടലങ്ങൾ തുടുത്തു വിടുന്ന ഗന്ധം ആ മുറി വിട്ടു പോകുമായിരുന്നില്ല. ഒരു സിഗരറ്റിന്റെ പുക പടലങ്ങൾ പുറത്തു പോകാൻ തുടങ്ങുമ്പോഴേക്കും അച്ഛൻ അടുത്തത് കത്തിക്കുമായിരുന്നു. അതുകൊണ്ട് മുറി വിട്ട് പോകാൻ തുനിയുന്ന പുകപടലങ്ങൾക്കു കൂട്ടായി ഓരോ നിമിഷവും പുതിയത് ജനിച്ചു കൊണ്ടേ ഇരുന്നു.
"വേറെ വിശേഷം ഒന്നും ഇല്ല്യല്ലോ", ഞാൻ അമ്മയോട് ചോദിച്ചു. "വേറെ ഒന്നും ഇല്ല്യ" എന്ന് അമ്മ പറഞ്ഞു. "എന്നാൽ ശരി പിന്നെ വിളിക്കാം", എന്ന് പറഞ്ഞു ഞാൻ ഫോൺ വച്ചു.

No comments:
Post a Comment