വിലാപികളുടെ യാത്ര
AI generated from https://www.imagine.art/.
ബസ് ഒരു കുഴിയിൽ ചാടിയ കുലുക്കത്തിൽ ആണ് ഞാൻ മയക്കത്തിൽ നിന്നും എഴുന്നേറ്റത്. ജനലിലെ കർട്ടൻ മാറ്റി പുറത്തേക്ക് നോക്കിയപ്പോൾ നേരം സന്ധ്യ ആയിരുന്നു. ഉച്ചക്ക് ബാംഗ്ലൂര്ൽ നിന്നും കേറിയതാണ് നാട്ടിലേക്ക്. ഒരു പിടി നല്ല ഓര്മകള് സമ്മാനിച്ച് എന്റെ കൂട്ടുകാർ എന്നെ ബസ് കേറ്റാൻ വന്നിരുന്നു. ആ ഒരു വിരഹ ബോധത്തിൽ എപ്പോഴാണ് മയങ്ങിയത് എന്ന് ഓർമ്മയില്ല്യ. ഇപ്പോൾ കണ്ടത് തന്നെ ഒരു കൊല്ലത്തിന് ശേഷം ആണ്. ഇനി എന്ന് എന്ന ചിന്ത എപ്പോഴത്തെയും പോലെ അലട്ടിയിരുന്നു. ഈ ചിന്തകളെ ഒക്കെ കീറി മുറിച്ചു കൊണ്ട് പോക്കറ്റിലെ മൊബൈൽ വിറക്കാൻ തുടങ്ങി. മനോക്കിയപ്പോൾ അമ്മയാണ്. 4 missed കാൾ വന്നതായും കണ്ടു. സൈലന്റിൽ ആയതു കൊണ്ട് ഞാൻ കേട്ടിരുന്നില്ല്യ. ഞാൻ എടുത്തതും പതിവിനും വിപരീതം ആയി അമ്മ "നീ എത്താറായോ? എപ്പോഴാ എത്താ?" എന്ന് ചോദിച്ചു. "രാത്രി ആവും അമ്മെ. സേലം ഏതാണ്ട് ഇള്ളൂ." എന്ന് ഞാൻ പറഞ്ഞു. വേറെ ഒരു ചോദ്യത്തിന് മുതിരാതെ, "അമ്മൂമ്മക്ക് കലശലായി സിദ്ധു. തീരെ വയ്യ. admit ചെയ്തു." കാര്യം പറഞ്ഞു അമ്മ. "അയ്യോ, ഡോക്ടർ എന്താ പറഞ്ഞത്?" ഞാൻ ചോദിച്ചു. "ICU ൽ ആണ്. critical ആണ്." അമ്മ പറഞ്ഞു.
അമ്മ അമ്മൂമ്മയുടെ പോലെ തന്നെ ആണ്. കരഞ്ഞ് ഞാൻ കണ്ടിട്ടില്ല്യ. വിഷമം ഉണ്ടാവിഞ്ഞിട്ടാവില്ല്യ. പക്ഷെ അവർക്ക് അവരുടേതായ mechanism ഉണ്ടെന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്. പക്ഷെ ഇത്തവണ അമ്മ സംസാരിക്കുമ്പോൾ അമ്മയുടെ ശബ്ദത്തിൽ ഒരു ഇടർച്ച എനിക്ക് അനുഭവപ്പെട്ടു. ഇനി അത് എന്റെ ഒരു തോന്നൽ മാത്രമാണോ എന്നും അറിയില്ല്യ. ഒരു തരത്തിൽ പറഞ്ഞാൽ ഇന്നല്ലെങ്കിൽ നാളെ നമ്മൾ ഓരോരുത്തരും അനാഥരെ ആവാൻ പോകുന്നവർ ആണ്. അമ്മൂമ്മയുടെ കാലം കഴിഞ്ഞാൽ അമ്മയും. അമ്മ ഇങ്ങനെ ഒക്കെ ചിന്തിക്കുന്നുണ്ടാകുമോ. അതോ എല്ലാം ഞാൻ ചിന്തിച്ച് കൂട്ടുന്നതാണോ. അറിയില്ല്യ. എനിക്ക് ഇതൊക്കെ അറിഞ്ഞാലും എങ്ങനെ അമ്മെ ആശ്വസിപ്പിക്കണം എന്നറിയില്യ. "ഞാൻ എത്താറായൽ പറയാം അമ്മേ. എന്തെങ്കിലും ഉണ്ടെങ്കിൽ പറയണം." എന്ന് ഞാൻ പറഞ്ഞു. "ശരി" എന്നും പറഞ്ഞു അമ്മാ ഫോൺ വെച്ച്. ഡോക്ടറേറ്റ് ഉള്ള ഒരു പമ്പര വിഡ്ഢി തന്നെ ആണ് ഞാൻ. സ്വയം ഒരു പുച്ഛം തോന്നി. "വിഷമിക്കണ്ട അമ്മേ. എല്ലാം ശരിയാവും. ഹോസ്പിറ്റലിൽ ആണല്ലോ." എന്നൊക്കെ മനസിലെ ആശ്വാസവാക്കുകൾ ഫോൺ വച്ചതോകെ മനസ്സിൽ നിറഞ്ഞു. മനസ്സിൽ തോണീറ്റു എന്ത് കാര്യം. പറയാൻ ഉള്ള സമയത്തു തുറന്നു പറയണ്ടേ.പക്ഷെ എനിക്ക് അത് സാധിക്കാരെ ഇല്ല്യ.
ബസ് ഒരു വല്യ വളവ് തിരിയുന്നതിനോടൊപ്പം എന്റെ ചിന്തകളും വഴി മാറി സഞ്ചരിച്ചിരുന്നു. കൂട്ടുകാരിൽ നിന്നും ചിന്ത തെറ്റി സഞ്ചരിച്ചത് തിരോപ്പ്രയിലെ തൊടിയിലൂടെ ആയിരുന്നു. ഞാൻ എന്റെ അവധികാലം ഭൂരിഭാഗവും ചെലവിട്ടത് തിരോപ്പ്രയിലാണ്. ഉള്ളിന്റെ ഉള്ളിൽ ഒരു തൃശ്ശൂര്കാരൻ എന്നതിൽ അലറി ഞാൻ ഒരു തിരോപ്പ്രക്കാരൻ ആണ് എന്ന് പറഞ്ഞാലും തെറ്റില്ല്യ. അത്രക്കും പറ്റിപ്പിടിച്ച ഒരു സുഗന്ധം ആയി തിരോപ്പ്ര എന്ന ഗ്രാമം എന്റെ ഉള്ളിൽ ഉണ്ടായിരുന്നു. ഞാൻ അവിടെ ചെയ്തലവിട്ട ഓരോ നിമിഷവും ഞാൻ എന്ന മനുഷ്യനെ വാർത്തെടുക്കാൻ സഹായിച്ചിട്ടേ ഉള്ളു.അവിടെ ഇരുന്നാൽ വായിക്കാനും ചിന്തിക്കാനും ഒക്കെ ഉന്മേഷം തന്നെ ആണ്. പക്ഷെ ഇതിനൊക്കെ ഒരു പ്രധാന ഘടകം എന്നുള്ളത് എന്റെ അമ്മൂമ്മ തന്നെ ആണ്. ഞാൻ മുകളിൽ പോയി വായിക്കാൻ ഇരുന്നാൽ ഓരോ അര മുക്കാൽ മണിക്കൂർ കൂടുമ്പോഴും "നിനക്ക് കുടിക്കാൻ ചായയോ കാപ്പിയോ വേണോ. കലവറ മുറീന്ന് പഴം എടുത്തോ കുറച്ചേ." എന്നിങ്ങനെ സംസാരങ്ങൾ വരും. വൈന്നേരം ആയാൽ പിന്നെ ഞാനും അമ്മൂമ്മയും കൂടെ ആണ് അമ്പലത്തിൽ പോവാറ്. ഞങ്ങൾ ഒരുമിച്ച് നടക്കും. നാട്ടിലെ പലരെയും കാണും. അവിടെ എല്ലാർക്കും എന്നെ അറിയാം. "സിദ്ധു എന്നെ വന്ന്? അമ്മ വന്നുണ്ടോ? എത്ര ദിവസം ഉണ്ട്?" എന്നിങ്ങനെ ചോദ്യങ്ങൾ ആവും. അമ്മൂമ്മയാവും മിക്ക്യത്തിനും ഉത്തരം പറയാ. "അവൻ കുറച്ചൂസം ഇണ്ടാവും. ഇവൻ വന്നാൽ എനിക്ക് കൂട്ടാണ്." എന്നൊക്കെ വർത്തമാനം പറഞ്ഞു നില്ക്കും.
Thiruvegappura (from Ashokalayam Instagram page https://www.instagram.com/p/Cm9GTGAP5of/)
ഇന്ന് ഇതാ തിരുപ്രയുമായി എന്നെ ബന്ധിപ്പിച്ചിരിക്കുന്ന പാലത്തിന് അനക്കം തെറ്റിയിരിക്കുന്നു. ഇത് വരെ ആരെയും ആശ്രയിച്ച് കഴിഞ്ഞ് പോയ എന്റെ അമ്മോമ്മ ചുറ്റുമുള്ളരുടെ പ്രാര്ഥനങ്ങളെ ആശ്രയിച്ച് ജീവിതത്തോട് മല്ലിടുന്ന വാർത്തയാണ് കുറച്ചു മുമ്പേ കേട്ടത്. ഈ ചുറ്റുമുള്ളവർ എന്ന് പറയുമ്പോൾ എന്റെ അമ്മ തന്നെയാണ് എപ്പോഴും എന്ന പോലെ ഇപ്പോഴും ഉണ്ടാവുക. കൂടാതെ അമ്മോമ്മക്ക് അസുഖം കലാശയലായപ്പോൾ കൂട്ടിന് വന്ന ഉണ്ണിമ്മാനും ഉണ്ട്. ബാക്കി ഉള്ള മിക്ക്യവരും അവരുടെ തിരക്കുകളിൽ മുഴുകി ജീവിച്ച് പോരുന്നു.
ഈ ചിന്തകളെ ഒക്കെ കീറി മുറിച്ചു കൊണ്ടാണ് ബസിന്റെ ലൈറ്റുകൾ ഓണായത്. വണ്ടി 10 min കഴിക്കാൻ നിർത്തുമെന്നും 30 -35 min കാക്കും എന്നും ബസിലെ കിളി ഉറക്കെ അറിയിച്ചു. ഉറക്കത്തിൽ മുഴുകിയവർ എല്ലാം എണീറ്റു. സമയം നോക്കി 8 മണി ആയി. ഉച്ചക്ക് 2 ന് കയറിയതാണ് ഞാൻ ബാംഗ്ലൂരിന്ന്. ഒരു കൊല്ലത്തിന് കൂടുതൽ ആയതിന് ശേഷം ആയിരുന്നു ഞാൻ എന്റെ കൂട്ടുകാരെ കണ്ടിരുന്നത്. ഞാൻ ജപ്പാനിൽ പോകുന്നതിന് മുമ്പേ എനിക്ക് എല്ലാവരെയും കാണാൻ സാധിച്ചിരുന്നില്ല്യ. പോണെന്റെ 2 ആഴ്ച ഞാൻ പണി പിടിച്ചു കിടപ്പായിരുന്നു. എന്നിട്ടും ഞാൻ പോകുന്നതിന് മുമ്പ് സുഹൃത്തുക്കളിൽ പലരും എന്നെ വീട്ടിൽ കാണാൻ വന്നു.അങ്ങനെ ആണ് ഞങ്ങളുടെ സൗഹൃദ വലയം. ഞങ്ങൾ ഒരു കുടുംബം തന്നെ ആണ്. എന്റെ കൂടെ അമൃതയിൽ പഠിച്ചവർ. ഞാൻ നേടിയ ഏറ്റവും വല്യ സമ്പത്ത്. അത് ഇവരാണ് എന്ന് നിസംശയം എനിക്ക് പറയാൻ ആകും. അവരെ കാണാൻ ഞാൻ 2 ദിവസം മുമ്പേ ആണ് ബാംഗ്ലൂർക്ക് വണ്ടി കയറിയത്.


No comments:
Post a Comment